ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 137 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 2,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേര്‍ രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. 14,753 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേര്‍ ഇവിടെ മരിച്ചു. ഗുജറാത്തിലെയും സ്ഥിതി ഗുരുതരമാണ്. 13,268 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. തമിഴ്‌നാട്ടിലേക്കാള്‍ കൂടുതല്‍ മരണ സംഖ്യ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 802 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഡല്‍ഹിയാണ്. 12,319 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 208 പേര്‍ മരിക്കുകയും ചെയ്തു.അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞതായി ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ 3.4 ദിവസങ്ങളിൽ ഇരട്ടിക്കുന്നത് ഇപ്പോൾ 13.3 ദിവസങ്ങളായി ഉയർന്നുവെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.