കണ്ണൂർ: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ 1090 പേരാണ് വൈറസ് ബാധിതരായത്.തുടര്‍ച്ചയായ മൂന്ന് ദിവസമായി ഇരുന്നൂറിന് മുകളിലാണ് രോഗികള്‍. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ ജില്ലയില്‍ റിേപ്പാര്‍ട്ട് ചെയ്തത് കണ്ണൂർ ജില്ലയിലാണ്.ഇത് ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്.സമ്പർക്കം വഴിയുള്ള കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.ഒരാഴ്ചക്കിടെ 895 പേര്‍ക്കാണ് സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. ശരാശരി 82 ശതമാനത്തിന് മുകളിലാണ് സമ്പര്‍ക്കക്കേസുകള്‍. നാലുദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായതും ജില്ലയിലാണെന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 98 ആയി.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് സമ്പർക്കബാധ വര്‍ധിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെയും തലശ്ശേരിയിലെയും തീരദേശ മേഖലകളിലടക്കം സമ്പർക്ക കേസുകള്‍ വര്‍ധിക്കുകയാണ്. പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം.അതേസമയം, ഒരാഴ്ചക്കിടെ 685 പേർ ജില്ലയിൽ രോഗമുക്തി നേടിയിട്ടുണ്ട്.