ന്യൂഡൽഹി:ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സമീപകാലത്ത് ഇറാനിലേക്ക് യാത്ര നടത്തിയ മധ്യവയസ്കനാണ് രോഗം ബാധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.കേരളത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച് സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍ നിന്നെത്തിയ 16 വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലും ഒരാള്‍ യുഎഇയിലുമാണ്. ഇറ്റലിയില്‍ നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി ബുധനാഴ്ച പേടിഎം അറിയിച്ചിരുന്നു. കമ്പനിയുടെ ഗുരുഗ്രാമിലേയും നോയ്ഡയിലേയും ഓഫീസുകള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.