തിരുവനന്തപുരം:കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴിയും ഇനി യാത്രാ പാസിന് അപേക്ഷിക്കാം.പോൽ-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോൽ-പാസ് എന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ തുടങ്ങിയവർക്ക് ലോക്ഡൗൺ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഓൺലൈൻ പാസിനായി അപേക്ഷിക്കാവൂവെന്ന് പോലീസ് ആവർത്തിച്ചു.പോൽ-പാസ് സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിക്കണം. ബുധനാഴ്ച വൈകിട്ട് ഏഴ് മണിവരെ 4,24,727 പേർ പാസിനായി അപേക്ഷിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ എല്ലാവർക്കും പാസ് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.ഇതുവരെ അപേക്ഷിച്ചവരിൽ 53,225 പേർക്ക് മാത്രമാണ് യാത്രാനുമതി നൽകിയിട്ടുളളത്. 3,24,096 പേർക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകൾ പരിഗണനയിലാണ്. ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതണമെന്നും ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.