ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ഏപ്രില്‍ 15 ന് ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.തടിയും പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടര്‍ന്ന് കിം ഹ്യാംഗ് സാനിലെ വില്ലയില്‍ ചികിത്സ തേടിയിരുന്നതായും വെബ്‌സൈറ്റ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് 36 കാരനായ കിമ്മിനെ ഏപ്രില്‍ 12 ന് ഹ്യാംഗ് സാനിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നായിരുന്നു ദക്ഷിണ കൊറിയ ന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നില മെച്ചപ്പെട്ടതോടെ ഏപ്രില്‍ 19 ന് പ്യൊഗ്യോംഗിലേക്ക് വൈദ്യസംഘത്തോടൊപ്പം തിരിച്ചു വരികയും ചെയ്തതായിട്ടാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2014 ലും ഒരു മാസത്തോളം കിംഗ് പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. കിമ്മിന്റെ ആരോഗ്യത്തെ സംശയിച്ച് ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇദ്ദേഹം തിരിച്ചു വരികയും ചെയ്തു. കണങ്കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്ത് വിശ്രമിക്കുകയായിരുന്നു എന്നാണ് ദക്ഷിണ കൊറിയന്‍ ചാരന്മാര്‍ നല്‍കിയ വിവരം. ശക്തമായ മാധ്യമ നിയന്ത്രണം ഉള്ള രാജ്യമാണ് വടക്കന്‍ കൊറിയ.