വയനാട്: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെറ്ററിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിദഗ്ദസംഘം സ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മുൻപും കേരളത്തിൽ നോറോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
മലിനമായ ജലത്തിലൂടേയും ഭക്ഷണത്തിലൂടേയുമാണ് നോറോ വൈറസ് പടരുക. വൈറസ് ബാധിതരിൽ നിന്ന് നേരിട്ടും പകർച്ചയുണ്ടാവാം. വയറിളക്കം, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിൻ്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അധികമായാൽ നിർജലീകരണം സംഭവിച്ച് ആരോഗ്യനില വഷളാവാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാവും. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കി വിശ്രമിക്കാനും ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ മാറാമെങ്കിലും അതു കഴിഞ്ഞുള്ള രണ്ട് ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്.