തൃശൂർ:ജില്ലയിൽ 57 പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു.സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.കഴിഞ്ഞ മാസം 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ നോറോ വൈറസ് ബാധയോടെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പ്രശ്നം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം.അതേസമയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്.സെന്റ് മേരീസ് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.രോഗം പകരാതിരിക്കാൻ 25 ഓളം വിദ്യാർത്ഥികളെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാർത്ഥികൾക്ക് ശുചിത്വം പാലിക്കാൻ പ്രത്യേക നിർദേശം നൽകി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പരിശോധനക്കായി കൂടുതൽ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ ഹോസ്റ്റലുകളിൽ ജാഗ്രത നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.