India, News

വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല; അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഷോറൂമിൽ നിന്നും നേരിട്ട് നിരത്തിലേക്ക്

keralanews no temporary registration for vehicles High security number plates attached from the showrooms and directly to the street

തിരുവനന്തപുരം : വാഹനങ്ങൾക്ക് ഇനി താത്കാലിക രജിസ്ട്രേഷൻ ഇല്ല. പൂർണമായും ഫാക്ടറി നിർമ്മിത വാഹനങ്ങൾ ഇനി അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നേരിട്ട് ഷോറൂമിൽ നിന്ന് നിരത്തിലിറക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് . വാഹന രജിസ്ട്രേഷൻ പൂർണമായും ഓൺലൈനായിട്ടായിരിക്കും ചെയ്യേണ്ടത്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടു.

നിര്‍ദേശങ്ങള്‍ ഇവയാണ്:

1. പൂര്‍ണ്ണമായും ഫാക്ടറി നിര്‍മ്മിത ബോഡിയോടു കൂടിയുള്ള വാഹനങ്ങള്‍ ആദ്യത്തെ രജിസ്‌ട്രേഷനു വേണ്ടി ആര്‍.ടി ഓഫീസുകളില്‍ ഹാജരാക്കേണ്ടതില്ല.

2. വാഹന ഡീലര്‍മാര്‍ വാഹനങ്ങളുടെ വില, രജിസ്‌ട്രേഷന്‍ ഫീ, ടാക്‌സ്, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ വ്യക്തമായി ഷോറൂമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

3. ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ചാസിസ് പ്രിന്റ്, മറ്റ് രേഖകള്‍ തുടങ്ങിയവ വ്യക്തമായി സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഡീലര്‍ ഉത്തരവാദിയായിരിക്കും

4. ഈ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. എന്നാല്‍ അപേക്ഷയുടെ ഫുള്‍ സെറ്റും അവ വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കാനാവശ്യമായ രേഖാമൂലുള്ള നിര്‍ദ്ദേശവും ഡീലര്‍ അപേക്ഷന് നല്‍കേണ്ടതാണ്.

5. ഓരോ പ്രവൃത്തി ദിവസവും വൈകുന്നേരം 4 മണി വരെ ഓഫീസിലെ പെന്‍ഡിംഗ് ലിസ്റ്റില്‍ കാണുന്ന പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ പരിശോധിച്ച്‌ റാൻഡം അടിസ്ഥാനത്തില്‍ നമ്പർ അലോട്ട് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ ക്യാന്‍സല്‍ ചെയ്യാനോ നിര്‍വ്വാഹമില്ലാത്തതാണ്.

6. ഫാക്ടറി നിര്‍മ്മിത ബോഡിയോടു വരുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്റെ ആവശ്യകത ഇല്ല. എന്നാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് വില്‍പന നടത്തുന്ന വാഹനങ്ങള്‍ക്കും ഫാന്‍സി / ചോയ്‌സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്കും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ്.

7. നമ്പർ റിസര്‍വേഷന്‍ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോൾ Choice number (Paid) എന്നുള്ളതും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത അപേക്ഷകള്‍ക്ക് System Generated (Free) എന്നുള്ളതും സെലക്‌ട് ചെയ്ത് നല്‍കേണ്ടതാണ്. റിസര്‍വേഷന്‍ ആവശ്യമാണോ ഇല്ലയോ എന്നത് ഓരോ അപേക്ഷനില്‍ നിന്നും സ്വന്തം കൈപ്പടയില്‍ ഒരു രജിസ്റ്ററില്‍ എഴുതി വാങ്ങുന്നത് ഉചിതമായിരിക്കും.

8. ഫാന്‍സി / ചോയ്‌സ് നമ്പർ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച്‌ കൊണ്ട് ഡീലര്‍ ഈ വാഹനങ്ങള്‍ വിട്ടു നല്‍കാന്‍ പാടുള്ളതല്ല.എന്നാല്‍ അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോകാനായി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ അവയുടെ ഉടമ സ്വന്തം സംസ്ഥാനത്തു നിന്നും സ്ഥിരം രജിസ്‌ട്രേഷന്‍ സമ്ബാദിക്കേണ്ടതാണ്.

9. ഓരോ വാഹനത്തിനും അലോട്ട് ചെയ്യപ്പെട്ട നമ്ബര്‍ HSRP നിര്‍മ്മിച്ച്‌ വാഹനത്തില്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ഘടിപ്പിച്ചതിനു ശേഷം മാത്രമേ അവ ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തിറക്കാന്‍ പാടുള്ളൂ

10. രജിസ്‌ട്രേഷന്‍ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക , നമ്പർ റിസര്‍വേഷനു വേണ്ടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസര്‍വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതിരിക്കുക , സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്‌പെസിഫിക്കേഷനില്‍ വ്യതിയാനം കാണപ്പെടുക തുടങ്ങിയവക്ക് M V act ലെ പിഴക്ക് പുറമെ നികുതിയുടെ നിശ്ചിത ശതമാനം കൂടി അധികമായി അടക്കേണ്ടി വരും.

11. 7 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ഗണത്തില്‍ അല്ലാതെ PSV for Personal use എന്ന തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍, അപേക്ഷകനില്‍ നിന്നും 200 രൂപ പത്രത്തില്‍ സത്യവാങ്ങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനല്‍ ഫയലില്‍ സൂക്ഷിക്കേണ്ടതുമാണ്.

12. എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്‌ളക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

13. ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് എന്നിവ വാഹന നിര്‍മ്മാതാവ് പിടിപ്പിച്ചിട്ടില്ലെങ്കില്‍ ഇവ ഡീലര്‍ഷിപ്പില്‍ നിന്നും ഘടിപ്പിച്ച്‌ രേഖകള്‍ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കേണ്ടതാണ്.

14. ഓട്ടോറിക്ഷകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റര്‍ ഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

15. നാഷണല്‍ പെര്‍മിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പായി മുന്‍പിലും പിന്‍പിലും ഹൈവേ യെല്ലോ നിറത്തില്‍ പെയിന്റ് ചെയ്യേണ്ടതാണ്.

16. മേല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായോ ചേസിസ് നമ്പർ, എന്‍ജിന്‍ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ റ്റാമ്പർ ചെയ്‌തോ രജിസ്‌ട്രേഷന്‍ സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലര്‍ഷിപ്പില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നിയമനുസൃത നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

Previous ArticleNext Article