ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി.ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.ബില്ലുമായി ബന്ധപ്പെട്ട 59 ഹര്‍ജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബില്‍ സംബന്ധിച്ച എല്ലാ ഹര്‍ജികളും ഇനി ജനുവരി 22നാണ് കോടതി കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പുതിയ പൗരത്വ നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തമല്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റേ ചെയ്യാന്‍ സാധ്യമല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.