തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തില്ല. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. വരുന്ന രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങൾ ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. ഇതേ തുടർന്ന് 23 നും 30 നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാത്രമാകും ഉണ്ടാകുക. ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകൾ അനുവദിക്കില്ല.അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.ദീര്‍ഘദൂര ബസ്, ട്രെയിന്‍, വ്യോമ സര്‍വീസുകള്‍ അനുവദിക്കും.വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് താമസരേഖകള്‍ ഉണ്ടെങ്കില്‍ ഹോട്ടല്‍/ റിസോര്‍ട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍/സ്റ്റോപ്/സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ സര്‍വീസ് നടത്താന്‍ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവക്ക് നേരിട്ടോ അല്ലെങ്കില്‍ ഹോം ഡെലിവറി വഴിയോ സാധനങ്ങള്‍ വില്‍ക്കുന്നതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒൻപത് വരെ പ്രവര്‍ത്തിക്കാം. ബീച്ചുകള്‍, തീം പാര്‍ക്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കണം.അത്യാവശ്യ അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.