കൊച്ചി:യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. വ്യവസായം തകര്‍ച്ചയിലാണെന്നും ഈ രീതിയില്‍ സര്‍വീസ് സാധ്യമല്ലെന്നും എറണാകുളത്ത് ചേര്‍ന്ന ബസ് ഉടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപേ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലായിരുന്നു. കോവിഡ് കാലത്ത് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പിന്‍വലിച്ചത് ഖേദകരമാണ്. ആളുകള്‍ പൊതുഗതാഗതം പരമാവധി ഒഴിവാക്കുന്ന ഈ കാലത്ത് ബസ് വ്യവസായം പിടിച്ച് നില്‍ക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നഷ്ടം സഹിച്ചാണ് പല ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തിയത്. അതിനാല്‍ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നഷ്ടം സഹിച്ച് ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ എം ഗോകുല്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.