ന്യൂഡല്‍ഹി: സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന രംഗങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. അതേസമയം, സിനിമയ്ക്കു മുന്‍പു ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്റേതാണ് വിധി.
സിനിമയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ട ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്നു നിര്‍ബന്ധമില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തീയറ്ററില്‍ സിനിമയ്ക്കു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം. നേരത്തെ, ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതിനിടെ, തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി.