തിരുവനന്തപുരം:കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ എ ടി എമ്മിൽ പോകാതെ പണം പിൻവലിക്കാൻ സംവിധാനവുമായി സർക്കാർ.ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാല്‍ വകുപ്പ് വഴി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെന്‍ഷനും സ്കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് ബാങ്കുകളില്‍ എത്താതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിയ്ക്ക് തുടക്കമായി.ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റുമാന് മുഖേന വീട്ടിലെത്തിക്കും.ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്. വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരനോട് മൊബൈല്‍ നമ്പര്‍ പറയുന്നു.ശേഷം ലഭിക്കുന്ന ഒ.ടി.പി അദ്ദേഹവുമായി പങ്കിടുന്നു. തുടര്‍ന്ന് ബയോമെട്രിക് സ്കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും. ലോക്ക്ഡൗണ്‍ കാലയളവില്‍ ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിന്‍വലിക്കാം. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്.ബയോമെട്രിക് ഉപകരണം ഉപയോഗിക്കവേ തപാല്‍ ജീവനക്കാര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്ക്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമാകും സേവനം ലഭ്യമാക്കുക. പണം പിന്‍വലിക്കാനുള്ള ആവശ്യം നിറവേറ്റാനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാല്‍ ഡിവിഷനിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുമായോ ബന്ധപ്പെടണം. തപാല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് സംവിധാനത്തിലൂടെയാണ് പണം തപാല്‍ വകുപ്പ് നല്‍കുന്നത്.