തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡനന്തര രോഗങ്ങള്‍ക്ക് ഇനി സൗജന്യ ചികില്‍സയില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.രുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയും, എച്ച്‌ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റര്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരക്ക്. മ്യൂക്കര്‍മൈക്കോസിസ്, അഥവാ ബ്ലാക്ക് ഫംഗസ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകള്‍ തുടങ്ങി ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രീയ്ക്ക് 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളില്‍ ഈടാക്കും. സ്വകാര്യ ആശുപത്രിയിലെയും കോവിഡാനന്തര ചികിത്സ നിരക്ക് ഏകീകരിച്ചു. 2645 രൂപ മുതല്‍ 2910 രൂപവരെയാണ് സ്വകാര്യ ആശുപത്രികളില്‍ വാര്‍ഡുകളില്‍ ഒരു ദിവസം ഈടാക്കാവുന്നത്.ഐസിയു 7800 മുതല്‍ 8580 രൂപ വരെ ആശുപത്രികള്‍ക്ക് ഒരു ദിവസം ഈടാക്കാം. വെന്റിലേറ്റര്‍ 13,800 രൂപ മുതല്‍ 15,180 രൂപവരെയാണ് ഒരു ദിവസം ഈടാക്കാവുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകള്‍.