മുംബൈ : നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്‌പ്പാ നയ അവലോകനത്തിൽ റിസേർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തിൽ തന്നെ നിലനിർത്തി.
ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ഓടെ പൂർണമായും ഒഴിവാക്കും
രണ്ടു ഘട്ടമായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. ഫെബ്രുവരി മുതൽ ആഴ്ചയിൽ 24,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തുമെന്നും ആർ ബി ഐ വ്യക്തമാക്കി.
ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടിയ സാഹചര്യത്തിൽ അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനമെങ്കിലും കുറവുവരുത്തുമെന്നാണ് വ്യവസായലോകം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ നിരക്കുകൾ അതേപടി നിലനിർത്തി പലിശ കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനാണ് ആർ ബി ഐ മുതിർന്നത്.
റിസേർവ് ബാങ്ക് നിരക്ക് കുറച്ചില്ലെങ്കിലും നോട്ടു നിയന്ത്രണത്തിന് ശേഷം മിക്ക ബാങ്കുകളും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. നിക്ഷേപം കുന്നുകൂടിയതിനെ തുടർന്ന് ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം കുറവാണ് വന്നത്. ഈ സാഹചര്യത്തിൽ വീണ്ടും നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നു ആർ ബി ഐ സമിതി തീരുമാനിക്കുകയായിരുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നിക്ഷേപം വർധിച്ചതും നിരക്ക് കുറയ്ക്കാൻ ആർ ബി ഐ യെ പ്രേരിപ്പിച്ചേക്കാമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെപ്രതീക്ഷ.