ലക്നൗ: അംബേദ്കര്‍ ജന്മദിനത്തില് പൊതുഅവധി സംബന്ധിച്ച് പുത്തന്‍ തീരുമാനം കൈകൊണ്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മഹദ് വ്യക്തികളുടെ ജന്മ, ചരമ വാര്ഷികങ്ങള്ക്ക് സ്കൂളുകള്‍ക്ക് നല്‍കാറുള്ള അവധികള്‍ എടുത്ത് മാറ്റിയാണ് ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരം പ്രത്യേക ദിവസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി നല്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു.
ലക്നൗവിലെ അംബേദ്ക്കര്‍ മഹാസഭ ക്യാംപസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തോട് പലര്‍ക്കും എതിര്‍പ്പുകളുണ്ടാകുമെന്ന് അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മഹദ് വ്യക്തികളുടെ ഓര്‍മ്മദിവസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കുന്നത് വിദ്യാര്‍ത്ഥികളില്‍ അവരെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കില്ലെന്നും, ഞായറാഴ്ച്ച പോലെ ഒരു അവധി ദിവസമായി മാത്രമേ അവര്‍ അതിനെ കാണുകയുള്ളൂ എന്നും വ്യക്തമാക്കി..ഇതിനു പകരമായി കുറഞ്ഞത് രണ്ട് മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ അടക്കമുള്ള വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.