തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീന്‍ ചീറ്റ് നല്‍കി വിജിലന്‍സ്. കേസില്‍ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ബാറുകള്‍ക്ക് സമീപമുളള മദ്യവില്‍പ്പന ശാലകള്‍ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2016ലാണ് ബാബുവിനെതിരായ അന്വേഷണം ആരംഭിച്ചത്.കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.ബാര്‍ലൈസന്‍സിനുള്ള ചില അപേക്ഷകള്‍ മാസങ്ങളോളം പിടിച്ചുവെച്ചപ്പോള്‍ ചിലതില്‍ ഉടന്‍ തീരുമാനമെടുത്ത് ലൈസന്‍സ് നല്‍കി, കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുത്തു,സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ തീരുമാനമെടുത്തു, ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.