തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ പാർട്ടി നടപടിയോട് പ്രതികരിച്ച് കെ.കെ ഷൈലജ. പാർട്ടി തീരുമാനം അംഗീകരിക്കുന്നു. മന്ത്രി പദവി തനിക്ക് കിട്ടാഞ്ഞതിൽ നിരാശയില്ല. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കട്ടെ എന്നും ഷൈലജ പറഞ്ഞു. തന്നെ പാർട്ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാർട്ടിയിൽ. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയിൽ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.കൊറോണ പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവകുപ്പും ചേർന്നാണ് നയിച്ചത്. അതിൽ തന്റെ പങ്ക് നിർവഹിച്ചു. ഒരു വ്യക്തിയല്ല, സംവിധാനമാണ് പ്രവർത്തിച്ചത്. വലിയ ടീമാണ് ഇതിനുപിന്നിലുള്ളത്.താൻ ആരോഗ്യമന്ത്രിയായതുകൊണ്ട് ആ ഉത്തരവാദിത്വം നിർവഹിച്ചുവെന്നും ശൈലജ പറഞ്ഞു.കെകെ ഷൈലയെ ഒഴിവാക്കിയ നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിന്റെ ആവശ്യമില്ലെന്ന് ഷൈലജ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്നും ഷൈലജ കൂട്ടിച്ചേർത്തു.ഏറെ ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ഷെെലജ ഉണ്ടാകില്ലെന്ന നിർണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.