തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം.കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സർക്കാർ നീക്കം.അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണ്. നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.