Kerala, News

‘നിഴല്‍’;വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസിന്റെ പുതിയ പദ്ധതി

keralanews nizhal kerala police launches new scheme for women and senior citizen

തിരുവനന്തപുരം:രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.’നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറിൽ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കാം.പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും.രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.നമ്പർ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച്‌ വിവരം അന്വേഷിക്കുകയും ചെയ്യും.112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

Previous ArticleNext Article