ന്യൂഡൽഹി:ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്.രാഷ്ട്രം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി വാഹന വ്യവസായ രംഗം പരിശ്രമിച്ചില്ലായെങ്കില്‍ കോടതി ഇടപെടൽ ഉണ്ടാകുമെന്നും ജൂൺ 21 ന് നീതി ആയോഗ് വിളിച്ച് ചേര്‍ത്ത പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെയും പുതു വാഹന സംരംഭകരുടേയും യോഗത്തില്‍ നീതി ആയോഗ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.യോഗത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കൊ. ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് മിണോരു കാതോ, സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മതുര്‍, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത, നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് എന്നീ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വ്യക്തമായ പ്ലാനുകളും ധാരണയുമില്ലാതെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമല്ല.ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്, അതിനാല്‍ തന്നെ സര്‍ക്കാരും വാഹന രംഗവും ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു പോംവഴി നല്‍കിയില്ലെങ്കില്‍ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് യോഗത്തിൽ ഒരു മുതിന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.2023 ഓടെ ത്രീ വീലറുകളും 2025 ഓടെ 150 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും പൂർണ്ണ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാൻ നിതി അയോഗ് പദ്ധതിയിട്ടിട്ടുണ്ട്.ഇലക്ട്രോണിക്ക് വിപ്ലവവും, സെമി-കണ്ടക്ടര്‍ വിപ്ലവവും ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുത മൊബിലിറ്റി വിപ്ലവം നഷ്ടപ്പെടുത്താന്‍ രാഷ്ട്രം ഉദ്ദേശിക്കുന്നില്ല. നിലവില്‍ വിപണിയിലെ വമ്പന്മാരും പരിചയ സമ്പന്നരും മുന്നിട്ട് വരുന്നില്ല എങ്കില്‍ ചൈനയില്‍ സംഭവിച്ചത് പോലെ പ്രാരംഭ സംരംഭകര്‍ രംഗം കയ്യടക്കുമെന്നും ഒഫീഷ്യൽസ് മുന്നറിയിപ്പ് നൽകി.പരമ്പരാഗത വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോപ്പ്, ഹോണ്ട, ടിവിഎസ് എന്നിവയും പ്രാരംഭ സംരംഭകരായ റിവോള്‍ട്ട്, ഏഥര്‍ എനര്‍ജി, കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍ സൊലൂഷന്‍സ്, ടോര്‍ക്ക് മോട്ടോര്‍സ്എന്നിവയും തമ്മിൽ വിപണിയിൽ വ്യക്തമായ ഒരു ചേരിതിരിവ് നിലനിൽക്കുന്നുണ്ട്.
മാലിന്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി 2023 ഓടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേണമെന്ന് റിവോള്‍ട്ട് ഇന്റെലികോര്‍പ്പ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു.എന്നാല്‍ ബജാജ് ഈ ആവശ്യത്തെ എതിര്‍ത്തു.ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ നിരോധിച്ച് പകരം വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കാനുള്ള പദ്ധതി 2025 -ഓടെ സാധ്യമാവില്ലെന്നും രാജ്യത്തെ വാഹനോല്‍പ്പാദനത്തെ തന്നെ ഇവ ബാധിക്കുമെന്നും ടിവിഎസും ബജാജും വ്യക്തമാക്കി.നിര്‍മ്മാതാക്കള്‍ എല്ലാം ബിഎസ് VI നിലവാരത്തിലേക്ക് നിലവിലുള്ള തങ്ങളുടെ എഞ്ചിനുകളെ ഉയര്‍ത്തി വിപണിയില്‍ വലിയൊരു മാറ്റത്തിനായി പരിശ്രമിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം പെട്ടെന്ന് സാധ്യമല്ലെന്ന് ഹീറോയും ചൂണ്ടിക്കാട്ടുന്നു.പൂർണ്ണമായും ഇലക്ട്രോണിക് വാഹനത്തിലേക്ക് മാറുന്നതിന് മുൻപായി സർക്കാർ കൃത്യമായ പ്ലാനുകൾ തയ്യാറാക്കണമെന്ന് വാഹന വ്യവസായ സംഘടനകളായ SIAM,ACMA എന്നിവർ ഗവണ്മെന്റിന് നിർദേശം നൽകി.