Kerala, News

നിതിനയ്‌ക്ക് യാത്രാമൊഴി;മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

keralanews nithina murder post mortem report states the death is due to deep neck injury

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ സംസ്ക്കാരം കഴിഞ്ഞു.12മണിയോടെയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു.കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് നിഥിന മോളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ധമനികള്‍ മുറിഞ്ഞ് പെട്ടെന്ന് രക്തം വാര്‍ന്നതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചേര്‍ത്തുപിടിച്ച്‌ കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു നിഥിനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജിൽ വെച്ച്‌ സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു നിഥിനയെ കോളേജ് ക്യാമ്പസ്സിൽ  വെച്ച്‌ അതിക്രൂരമായി കൊലപ്പെടുത്തിയത്.നിഥിന പ്രണയത്തില്‍ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ കൈ മുറിച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക മാത്രമാണ് വിചാരിച്ചിരുന്നതെന്നും അഭിഷേക് പറഞ്ഞു.എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൊലപാതകം ആസൂത്രിതമെന്നും, അഭിഷേക് കരുതിക്കൂട്ടിത്തന്നെയാണ് കോളേജില്‍ വന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

Previous ArticleNext Article