ന്യൂഡൽഹി:നിര്‍ഭയ കേസിൽ പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ പവന്‍ ഗുപ്തയ്ക്ക് ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. മറ്റു മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയും കോടതിയെ സമീപിച്ചിരുന്നു.ഇതും തള്ളി. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. പവന്‍ ഗുപ്ത തിങ്കളാഴ്ച ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കല്‍ ഇനിയും നീളുമെന്നാണ് സൂചന.2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വെച്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനുശേഷം ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡെല്‍ഹിയിലും തുടര്‍ന്ന് സിംഗപ്പൂരിലും ചികിത്സതേടി.സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കേസില്‍ ആറു പേരാണ് പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് ജയിലില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.