ന്യൂഡൽഹി:നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.ദയാഹർജി തള്ളിയ പശ്ചാത്തലത്തിൽ പുതിയ മരണ വാറന്റ് വിചാരണ കോടതി പുറപ്പെടുവിക്കും. സ്വാഭാവികമായും 14 ദിവസത്തെ സാവകാശത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കാനാവൂ. മുകേഷ് സിംഗിന്റെ ദയാഹർജി തള്ളിയെങ്കിലും അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർക്ക് കൂടി ദയാഹർജി നൽകാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. അതിനാൽ നിർഭയ കേസിലെ വധശിക്ഷ ഇനിയും നീളാൻ ഇടയുണ്ട്.