ന്യൂഡൽഹി:നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കും.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.ഫെബ്രുവരി ഒന്നിന് കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നീ നാല് പ്രതികളുടെയും വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ജനുവരി 31ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.പ്രതികളിലൊരാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്റ്റേ ചെയ്തത്. നാല് പ്രതികളും നിലവില്‍ തിഹാര്‍ ജയിലിലാണ്. പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കിയിട്ടില്ല.പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്.