India, News

നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു

keralanews nirav modi mehul choksis jewellery worth 1350 crores brought back to india

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബൈയിൽ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്ക്. വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ്കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു.പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്.മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണെന്നാണ് സൂചന.

Previous ArticleNext Article