Kerala, News

നിപ വൈറസ്; അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

keralanews nipah virus test result of five more negative search to find out source continues

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രി പറഞ്ഞു.സമ്പർക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴുപേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. അതേസമയം ചാത്തമംഗലത്ത് റിപോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിനൊപ്പം പൂനെ എന്‍ഐവിയില്‍നിന്നുളള വിദഗ്ധസംഘവും പരിശോധന നടത്തുന്നുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച്‌ പിടിച്ച്‌ നിരീക്ഷിക്കുക. തിരുവനന്തപുരം മൃഗരോഗ നിര്‍ണയ കേന്ദ്രത്തിലെ വിദഗ്ധസംഘം ചാത്തമംഗലത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ വിമാനമാര്‍ഗം ഭോപാലിലെ വൈറോളജി ലാബിലേക്കയച്ചു. കാര്‍ഗോ കമ്പനികളുടെ എതിർപ്പിനെ തുടർന്ന് സാമ്പിളുകൾ അയക്കാൻ വൈകിയിരുന്നു.നിപ ഭീതിയെത്തുടര്‍ന്ന് സാംപിളുകള്‍ അയക്കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയുടെ നിലപാട്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Previous ArticleNext Article