കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനിക്ക് രോഗം പൂർണ്ണമായും ഭേതമായതായി റിപ്പോർട്ട്. വിദ്യാര്‍ഥിനിയുടെ സാമ്പിൾ പരിശോധനയില്‍ നെഗറ്റിവ് ആയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. നിപ്പ വൈറസ് ബാധിച്ച് മരണസംഖ്യ ഉയരുന്നതിനിടെ ആരോഗ്യവകുപ്പിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. നിപ്പാ ബാധയില്‍ രണ്ട് ദിവസത്തിനിടെ മൂന്നു പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. അതിനിടെ രോഗത്തിന് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തിക്കാനാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഹ്യൂമണ്‍ മോണോക്ളോണല്‍ ആന്റിബോഡി എം 102.4 മരുന്നാണ് 50 ഡോസ് ആസ്ട്രേലിയയില്‍ നിന്ന് അയച്ചിരിക്കുന്നത്. ചികിത്സാ മാര്‍ഗരേഖ രൂപപ്പെടുത്തിയശേഷം ഇതു രോഗികള്‍ക്ക് നല്കിത്തുടങ്ങും.