കോഴിക്കോട്:നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.തലശ്ശേരി സ്വദേശിനി റോജ ആണ് മരിച്ചത്.ഇവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നില്ല.മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് റോജയെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ വൈറസ് പരിശോധന നെഗറ്റീവ് ആയിരുന്നു.എന്നാല്‍ ഇന്നുരാവിലെ രോഗംകൂടി മരിക്കുകയായിരുന്നു.നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് നിപ്പ വൈറസ് ബാധിച്ചതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.