കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് മരിച്ചത്.തലച്ചോറിൽ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചിരുന്നു.ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാൽ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.അതേസമയം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചത് നിപ്പ വൈറസ് ബാധമൂലമാണെന്ന് പൂനെയിൽ നടത്തിയ രക്തപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച മരിച്ച ആറിൽ അഞ്ചുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പനിബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ പരിചരിച്ചിരുന്ന നേഴ്സ് ലിനിയും ഇന്ന് രാവിലെ മരിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി.ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഇന്ന് പുലർച്ചെ തന്നെ ആശുപത്രി വളപ്പിൽ സംസ്‌ക്കരിച്ചു. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പനിയെ തുടർന്ന് നിരവധിപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ,പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്.25 പേർ നിരീക്ഷണത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികൾ റദ്ദ് ചെയ്ത് ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.