കോഴിക്കോട്:നിപ്പ വൈറസ് ബാധയെ കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്ബ്രയിലെത്തി.വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ വീടുകൾ സംഘം സന്ദർശിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘത്തോടൊപ്പമുണ്ട്.വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളില്‍ സംഘം പരിശോധന നടത്തുകയും ചെയ്തു. നേരത്തെ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കിയിട്ടുണ്ട്. വൈറസ് ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്ര സംഘം പറഞ്ഞു.രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്കും ധരിക്കണം. രോഗി ഉപയോഗിക്കുന്ന തോര്‍ത്ത് പോലുള്ള വസ്ത്രങ്ങള്‍ മറ്റാരും ഉപയോഗിക്കരുതെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.അതേസമയം വൈറസ് പടർന്നത് ഏതു ജീവിയിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലെന്നും ഇത് സ്ഥിതീകരിക്കുന്നതിനായി പ്രത്യേക കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തുമെന്നും കേന്ദ്ര സംഘം അറിയിച്ചു.