കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂർ പ്രദേശത്തു കേന്ദ്രസംഘം പരിശോധന നടത്തി.12കാരന് രോഗം പകര്‍ന്നത് റംബൂട്ടാൻ പഴത്തില്‍നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിന്റെ പിതാവ് അബൂബക്കറിെന്‍റ ഉടമസ്ഥതയിലുള്ള പുൽപ്പറമ്ബ് ചക്കാലന്‍കുന്നിനു സമീപത്തെ പറമ്പിലുള്ള റംബൂട്ടാൻ മരത്തിൽ നിന്നും കഴിഞ്ഞ ദിവസം അബൂബക്കര്‍ പഴങ്ങള്‍ പറിച്ച് വീട്ടില്‍കൊണ്ടുവന്നിരുന്നു. മുഹമ്മദ് ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവര്‍ക്കുപുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവില്‍ ഐസൊലേഷനിലാണ്. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റംബൂട്ടാൻ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്. മരത്തില്‍ വവ്വാലുകളും വരാറുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. രോഗബാധ ഉണ്ടായത് റംബൂട്ടാനിൽ നിന്നാണോയെന്ന് വിശദ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര വിദഗ്ധ സംഘത്തിെന്‍റ തലവന്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.