മുംബൈ:നിപ്പ വൈറസിന് പഴങ്ങളിൽ ജീവിക്കാനാവില്ലെന്ന് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഡയറക്ടര്‍ ദേവേന്ദ്ര മൗര്യ. മറ്റു വൈറസുകളെപ്പോലെ നിപ്പാ വൈറസിനും മനുഷ്യരുടെയോ ജന്തുക്കളുടെയോ കോശങ്ങളില്‍മാത്രമേ നിലനില്ക്കാനും വ്യാപിക്കാനോ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പഴങ്ങളില്‍ വൈറസിന് നിലനില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിപ്പ വൈറസ് ഭീതി അകന്നെങ്കിലും വൈറസ് എങ്ങനെയൊക്കെ പകരുമെന്ന കാര്യത്തിൽ ഇനിയും ആശങ്ക നിലനിൽക്കുകയാണ്.വവ്വാലുകളിലൂടെ നിപ വൈറസ് പടരുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ പഴങ്ങൾ കഴിക്കുന്നത് പലരും ഉപേക്ഷിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വൈറോളജി ഡയറക്റ്ററുടെ വിശദീകരണം.പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍നിന്നു നിപ്പാ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇത്തരം വവ്വാലുകളില്‍ത്തന്നെ ചുരുക്കം ചിലവയേ ഉമിനീരിലൂടെയും മറ്റും വൈറസ് പുറത്തുവിടുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇങ്ങനെ നിപ്പാ പുറത്തുവിടുന്ന വവ്വാലുകള്‍ കടിച്ച പഴങ്ങളിലേക്ക് വൈറസ് പടരുമെങ്കിലും പഴത്തില്‍ വൈറസിന് ഏറെനേരത്തെ നിലനില്ക്കാനാവില്ല. വവ്വാലുകള്‍ കടിച്ച പഴം ഉടനെ കഴിച്ചാല്‍മാത്രമേ വൈറസ് പകരാനിടയുള്ളൂവെന്നും ദേവേന്ദ്ര മൗര്യ പറഞ്ഞു.