തിരുവനന്തപുരം:കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ്. മരിച്ച കുട്ടിയുടെ അമ്മ അടക്കമുള്ള എട്ടുപേരുടെ സാമ്പിളുകൾ പുനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധാ ഫലമാണ് ഇന്ന് പുറത്തുവന്നത്. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആശ്വാസകരമാണ്.കുട്ടിയുടെ രക്ഷിതാക്കൾക്ക് പുറമേ കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സാമ്പിളുകളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.ഇവരിൽ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കോഴിക്കോട് 31, പാലക്കാട് 1, വയനാട് 4, മലപ്പുറം 8, എറണാകുളം 1 കണ്ണൂർ 3 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ഇവരുടെ എല്ലാവരുടേയും സാമ്പിൾ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ കിടത്തും. എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന് മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേരാണ് ഉള്‍പ്പെട്ടത്. സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 129 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര് ഐസൊലേഷന്‍ വാര്‍ഡിലാണ്. 54 പേര് ഹൈ റിസ്ക് വിഭാഗത്തിലായിരുന്നു.