കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക.നിപ്പ ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ രാത്രിയോടെയാണ് പൂനെയിൽ നിന്നും സാമ്പിളുകളുടെ ഫലം ലഭിച്ചത്. അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഛർദ്ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊറോണ ബാധിതനായിരുന്ന കുട്ടിയ്‌ക്ക് രോഗം ഭേദമായിട്ടും പനി വിട്ടുമാറാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്‌ക്കായി നിരവധി ആശുപത്രികളിൽ പോയിരുന്നു. കുട്ടിയുടെ കുടുംബത്തെയും അയൽ വാസികളേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം ഇന്ന് 10 മണിയോടെ സംസ്‌കരിക്കും എന്നാണ് വിവരം.നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് വീണ ജോർജ്ജ് വ്യക്തമാക്കി.ജില്ലയിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നിപ്പ വാർഡ് ആരംഭിക്കാനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ ഉന്നത തല യോഗം ചേരും. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.