Kerala, News

സംസ്ഥാനത്ത് ഈ മാസം 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം;കടകൾ രാത്രി 10 വരെ മാത്രം;അനാവശ്യ യാത്രകൾ അനുവദിക്കില്ല

keralanews night control in the state from 30th of this month to 2nd of january shops only till 10pm no unnecessary travel will be allowed

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം.രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്‌ക്ക് അടയ്‌ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10 ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ പ്രാപ്തമാണെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. കൊവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article