തിരുവനന്തപുരം:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരത്ത് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റിയാദിലായിരുന്ന ഇരുവരെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യം ചെയ്തു.അറസ്റ്റ് നടത്താന്‍ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്.കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ പോലും അറസ്റ്റിന്റെ അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്.