Kerala, News

നെയ്യാറ്റിൻകര കൊലപാതകം;രണ്ടുപേർ അറസ്റ്റിൽ; ഡിവൈഎസ്പി രക്ഷപെടാൻ ഉപയോഗിച്ച കാറും കണ്ടെത്തി

keralanews neyyattinkara murder case two arrested and the car used to escape the dysp was detected

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.നെയ്യാറ്റിൻകര സ്വദേശികളായ സതീഷ് കുമാർ,അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് എടുത്തു കൊടുത്ത കുറ്റത്തിനാണ് സതീഷ് കുമാർ പിടിയിലായിരിക്കുന്നത്. ഇയാളെ ഞായറാഴ്ച തമിഴ്‌നാട്ടില്‍നിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച്‌ നല്‍കിയത് അനൂപ് കൃഷ്ണയാണ്.ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഡിവൈഎസ്‌പി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനല്‍ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാര്‍ കല്ലമ്ബലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏല്‍പിക്കണമെന്നുമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article