തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനല്‍ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സനലിന്റെ ശരീരമാസകലം ക്ഷതമേറ്റിരുന്നു. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടാവുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന.ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.
അതേസമയം കേസിൽ ഒളിവിൽ പോയിരിക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് രക്തംവാര്‍ന്ന് മരണ വെപ്രാളത്തില്‍ കഴിയുന്ന വേളയില്‍ പോലീസ് സനലിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്നും ഇവർ ആരോപിക്കുന്നു.നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം രക്തം വാര്‍ന്ന സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. യുവാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു.താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആംബുലന്‍സില്‍ കയറിയത് ഒരു നാട്ടുകാരനും പോലീസുകാരനുമാണ്. നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം പതുക്കെ പോകാനും സൈറന്‍ ഇടേണ്ടെന്നും പോലീസുകാരന്‍ ആവശ്യപ്പെട്ടെന്ന് ആംബുലൻസ് ഡ്രൈവര്‍ പറയുന്നു.