ബെംഗളൂരു:കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ്.വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു.സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം ഇയാൾ നല്‍കിയത്. ഫോണ്‍ നമ്പർ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.
അതേസമയം ബംഗലൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ സന്ദേശം വ്യാജമെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് കേരള പൊലീസിന്‍റെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസിന്‍റെ കര്‍ശന പരിശോധന തുടരും. ജാഗ്രതയോടെ ഇരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നല്‍കിയിട്ടുണ്ട്.ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകളിലാണ് കര്‍ശന പരിശോധന നടത്തുന്നത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്.യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും ബംഗലൂരു പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കുകയായിരുന്നു. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ് ഇപ്പോഴുള്ളത്.