മുംബൈ: ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ എക്‌സ്‌ഇ (Omicron XE) വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചു.കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് എക്‌സ്ഇ. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനി (ബി.എം.സി) ലാണ് രോഗബാധ സ്ഥിരീകരിച്ചത്.50 വയസുള്ള സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് വാക്സിന്‍ എടുത്തിരുന്നതായും ബി.എം.സി അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച 230 പേരുടെ സാമ്പിളുകൾ മുംബൈ നഗരസഭ സീറോ സർവ്വെയ്‌ലൻസിനായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കൊറോണയുടെ കാപ്പ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വകഭേദം ബാധിച്ചവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാത്ത ഇവരെ ആരോഗ്യപ്രവർത്തകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.പുതിയ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.ബ്രിട്ടണിലാണ് കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 16നായിരുന്നു ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ബ്രിട്ടണിൽ 600 ലധികം പേർക്ക് വൈറസിന്റെ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചവരിൽ 21 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് പേരും ഇരു വാക്‌സിനുകളും സ്വീകരിച്ചവരാണ്. ബാക്കിയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്തവരാണ്.