Kerala, News

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ; മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ കുടുംബത്തിന് അവസരം നൽകും

keralanews new guidelined for burying dead body of person died of covid relatives can see the face of deadbody follwing the guidelines

തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുളള അവസരമാണ് നല്‍കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു.കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെ പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച്‌ മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല. 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുളളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പർക്കവും ഉണ്ടാകാന്‍ പാടില്ല.സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച്‌ ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. കൊവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച്‌ പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പർക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം. ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച്‌ വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.കൊവിഡ് മരണങ്ങളില്‍ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് വിവിധ സമുദായിക സംഘടനകളില്‍ നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തുന്നത്.

Previous ArticleNext Article