Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ;കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

keralanews new covid restrictions in the state from today rtpcr negative certificate or vaccination ceertificate mandatory to enter shops

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ.കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ ഇന്ന് മുതൽ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.കടകൾ, സൂപ്പർമാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ബാങ്കുൾപ്പെടെയുളള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് തുറക്കാൻ അനുമതിയുള്ളത്. ഇതിന് പുറമേ തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നൽകാനും അനുമതിയുണ്ട്. ഇവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ആഴ്ച മുൻപ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ വേണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായിരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സിനിമാ തിയറ്ററുകൾക്കും തുറക്കാൻ അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നൽകാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാൻ അനുമതിയുണ്ട്.അതേസമയം നിർബന്ധമാക്കിയ സർക്കാർ നടപടി പൂർണമായും അംഗീകാരിക്കാനാകില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുത്തവരില്‍ അധികവും പ്രായമേറിയവരാണ്. 18 വയസിന് മുകളിലുള്ളവര്‍ അടക്കം ലക്ഷക്കണക്കിന് പേര്‍ ഇനിയും വാക്സിനെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് അടക്കം കടകളില്‍ പോകുന്നതിന് നിയന്ത്രണം വരുന്നത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാന്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും കടകളിലേക്ക് വരുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിര്‍ദേശങ്ങളൊക്കെ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വ്യാപാരികള്‍. പൊലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാല്‍ കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Previous ArticleNext Article