Kerala, News

തലശ്ശേരി-വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും

keralanews new bridge at koottupuzha on thalassery virajpet Inter state highway will be inaugurated by minister muhammed riyas on 31 of this month

ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശ്ശേരി – വീരാജ് പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കേരള- കര്‍ണ്ണാടകാ അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ നിര്‍മിച്ച പുതിയ പാലം ഈ മാസം 31ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറില്‍ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതേ പാതയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പമാണ് 31 നു പാലം തുറന്നു കൊടുക്കുക.സണ്ണിജോസഫ് എം.എല്‍ എ അധ്യക്ഷത വഹിക്കും. ഇതോടെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരി- വളവുപാറ റോഡില്‍ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കപ്പെടും.കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. 90 മീറ്റര്‍ നീളത്തില്‍ അഞ്ചുതൂണുകളിലായി നിര്‍ക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്.  ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്.പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക്  ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടയുകയായിരുന്നു.പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തുകയും ചര്‍ച്ചകര്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാന്‍ കഴിഞ്ഞത്. നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീര്‍ക്കേണ്ടപണി നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പാലം പൂര്‍ത്തിയായി പുതുവര്‍ഷ ദിനത്തില്‍ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കോവിഡ് കാലമായതിനാല്‍ ലളിതമായ ചടങ്ങിലായിരിക്കും പാലത്തിന്റെ ഉൽഘടനം നടത്തുകയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Previous ArticleNext Article