തിരുവനന്തപുരം:പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഡിജിറ്റല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെ പോലെ നിങ്ങളെല്ലാം വീണ്ടും സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ല എന്നാണ് പ്രതീക്ഷയെന്നും പക്ഷേ, അതുവരെ എല്ലാം മാറ്റിവെക്കാന്‍ ആവില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ തന്നെ പഠനം തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണം. കുട്ടികള്‍ വീടുകളില്‍തന്നെ സുരക്ഷിതരായി ഇരിക്കണം. 15 മാസമായി കുഞ്ഞുങ്ങള്‍ വീട്ടില്‍തന്നെ കഴിയുകയാണ്. അവര്‍ക്ക് അതിന്റെതായ വിഷമതകളും മാനസിക പ്രായസങ്ങളും ഉണ്ടാകും. ലോകം മുഴുവന്‍ ഇങ്ങനെ തന്നെ ആയി എന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കുട്ടികള്‍ക്ക് അധ്യാപകരുമായി സംവദിക്കാനുള്ള അവസരമൊരുക്കും. കോവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കേരളം മുന്നോട്ട് വെച്ച വിജയകരമായ മാതൃകയാണ് സ്കൂള്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കുവാനും കഴിയും . ക്ലാസുകള്‍ ഡിജിറ്റലില്‍ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്ക്കേണ്ട. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്‍റണി രാജു, ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ചു.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു.