Kerala, News

നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം;പ്രതികളെ റിമാൻഡ് ചെയ്തു

keralanews nettur murder case accused remanded

കൊച്ചി: എറണാകുളം നെട്ടൂരില്‍ 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പിടിയിലായ നാലു പ്രതികളെ റിമാന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജ്ജുന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ റോണി,നിബിന്‍, അനന്തു, അജയന്‍ എന്നിവരെയാണ് എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ അര്‍ജ്ജുനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.സംഭവം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച്‌ അപകടത്തില്‍ ഇയാൾ മരിക്കുകയും അർജുന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്.പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ടു തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും 50 മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തി.കൊലപാതകത്തിനുശേഷം അര്‍ജുന്റെ മൊബൈൽ  ലോറിയില്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ സിനിമയിലേതുപോലെ പോലീസിനെ കബളിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.

Previous ArticleNext Article