ആലപ്പുഴ:ആലപ്പുഴയുടെ അഭിമാനമായ നെഹ്റു ട്രോഫി ജലമേള ഇന്ന്. പുന്നമടക്കായലില്‍ രാവിലെ 11ന് തുടങ്ങുന്ന അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ 20 ചുണ്ടന്മാരടക്കം 81 വള്ളങ്ങളാണ് അണിനിരക്കുക.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളാണ് നടക്കുക.ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ മത്സരം. നടുഭാഗം, വെള്ളംകുളങ്ങര, ശ്രീഗണേശന്‍, ഗബ്രിയേല്‍, കരുവാറ്റ, സെന്റ് പയസ് ടെന്‍ത്, ചമ്ബക്കുളം, ചെറുതന, ആയാപറമ്ബ്, മഹാദേവന്‍, കാരിച്ചാല്‍, ജവഹര്‍ തായങ്കരി, ആയാപറമ്ബ് വലിയ ദിവാന്‍ജി, പായിപ്പാടന്‍, പുളിങ്കുന്ന് ആലപ്പാടന്‍ തുടങ്ങിയവയാണ് പ്രധാന ചുണ്ടന്‍വള്ളങ്ങള്‍. വൈകിട്ട് 3.45ന് വനിതകളുടെ മത്സരം. അഞ്ചിന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ നടക്കും. അവസാന റൗണ്ടിലെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ആറ് പേരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റി ഫലം നിര്‍ണയിക്കും.ഗവര്‍ണര്‍ പി. സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ വിശിഷ്ടാതിഥിയുമാകും. കേരള ബ്‌ളാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീം കാണികളെ അഭിവാദ്യം ചെയ്യും. നെഹ്രു ട്രോഫിയും രണ്ടര ലക്ഷം രൂപയുമാണ് സമ്മാനം. 25,000 പേര്‍ക്കിരിക്കാവുന്ന താത്കാലിക പവലിയനും 2000 പേര്‍ക്കിരിക്കാവുന്ന വി.ഐ.പി പവലിയനുമാണ് ഒരുക്കിയിരിക്കുന്നത്.ആഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന മത്സരം പ്രളയംമൂലം മാറ്റിവയ്ക്കുകയായിരുന്നു.