തിരുവനന്തപുരം:ആരോഗ്യപ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക്.ഇന്ന് മുതല്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍, രോഗീപരിചരണത്തേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.എല്ലാവിധ കൊവിഡേതര ട്രെയിനിംഗുകളും, വെബിനാറുകളും, ഡ്യൂട്ടി സമയത്തിനുശേഷമുള്ള സൂം മീറ്റിംഗുകളും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെകുറവ് പരിഹരിക്കുക, തുടര്‍ച്ചയായ കൊവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.