തിരുവനന്തപുരം:ഈ വർഷത്തെ മെഡിക്കൽ അനുബന്ധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഇന്ന് നടക്കും. രാജ്യത്താകെ 150 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.രാവിലെ പത്തു മണിമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പരീക്ഷ നടക്കുക.സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. പരിശോധനകൾക്ക് ശേഷം രാവിലെ ഏഴരമണി മുതൽ വിദ്യാർത്ഥികളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചു.9.30 വരെ മാത്രമേ വിദ്യാർത്ഥികളെ പരീക്ഷ ഹാളിനകത്ത് പ്രവേശിപ്പിക്കുകയുള്ളൂ.അതിനു ശേഷം എത്തുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും മാത്രമേ ഹാളിനകത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂ.ഹാജർ പട്ടികയിൽ വിദ്യാർത്ഥികളുടെ വിരലടയാളവും പതിപ്പിക്കണം.പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ ധരിക്കേണ്ട ഡ്രസ്സ് കോഡ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഇളം നിറത്തിലുള്ള ഹാഫ് കൈ വസ്തങ്ങളാണ് ധരിക്കേണ്ടത്.വസ്ത്രത്തിൽ വലിയ ബട്ടൺ,ബാഡ്ജ്, ബ്രൂച്ച്,പൂവ് എന്നിവയൊന്നും പാടില്ല.ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്.ഷൂസ് ഉപയോഗിക്കാൻ പാടില്ല.പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ട്.എന്നാൽ ഇത്തരം വിദ്യാർഥികൾ പരിശോധനയ്ക്കായി ഒരു മണിക്കൂർ മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.മൊബൈൽ ഫോൺ, വെള്ളക്കുപ്പി,ജോമെട്രി ബോക്സ്,പെൻസിൽ ബോക്സ്,ബെൽറ്റ്,തൊപ്പി,വാച്ച്,തുടങ്ങിയവയും പരീക്ഷ ഹാളിൽ അനുവദിക്കില്ല.ജൂൺ അഞ്ചിനകം പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിക്കും