കണ്ണൂർ : നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. പരീക്ഷാ ഹാളിലേക്ക് കയറുന്നതിന്റെ തൊട്ടു മുന്നേ ആയിരുന്നത്രേ ഈ പീഡനം. ഡ്രസ്സ് കോഡിന്റെ പേരിലായിരുന്നു ലജ്‌ജാകരമായ ഈ നടപടി. അതെ സമയം നിയമപ്രകാരം സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളെ സ്വീകരിച്ചുള്ളു എന്നാണ് അധികൃതരുടെ നിലപാട്. പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറിൽ നിന്ന് ബീപ്പ് ശബ്ദം വന്നപ്പോഴാണ് അടിവസ്ത്രം ഉൾപ്പെടെ ഉള്ള വസ്ത്രങ്ങൾ ഊരി പരിശോധിച്ചത്. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മയും പരാതി ഉന്നയിച്ചു. പരീക്ഷ ചുമതല ഉള്ളവർ അടിവസ്ത്രം നിർബന്ധിച്ച് ഊരിപ്പിച്ചു എന്നാണ് മകൾ പറഞ്ഞതെന്നും ‘അമ്മ പറഞ്ഞു.
മെറ്റൽ ബട്ടൺ ഉള്ള ജീൻസ് ധരിച്ച് പരീക്ഷ ഹാളിലേക്ക് കടക്കാൻ അനുവദിക്കാത്തതിനാൽ ഒരു പെൺ കുട്ടിയുടെ പിതാവിന് അവസാന നിമിഷത്തിൽ കടകളായ കടകൾ അലഞ്ഞു നടന്ന് കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ട ഗതികേടുണ്ടായി. ഉടുപ്പിന്റെ നീണ്ട കൈ വെട്ടിച്ചുരുക്കിയ ശേഷം മാത്രമേ മറ്റൊരു പെൺകുട്ടിയെ പരീക്ഷ ഹാളിലേക്ക് കയറ്റിയുള്ളു.